Logo
ad image
National

തമിഴ്നാട് വ്യാജമദ്യം കഴിച്ച് 13 പേർക്ക് ദാരുണാന്ത്യം, 60 പേർ ആശുപത്രിയിൽ

ഗോവിന്ദരാജിൽ നിന്ന് 200 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തു. മദ്യത്തിൽ മെഥതനോൾ ചേർത്തിട്ടുണ്ടെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തി.

Reporter Network
Reporter Network
1 min read|Updated on: 20 Jun 2024, 09:29 am
dot image

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. 60 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. പൊലീസ് സൂപ്രണ്ടിനെ സർക്കാർ സസ്പെൻഡ് ചെയ്തു. കൃത്യവിലോപനം നടത്തിയതിനാണ് ഇരുവർക്കുമെതിരെ നടപടി. ചൊവ്വാഴ്ച രാത്രിയിൽ വിൽപ്പന നടത്തിയ മദ്യം കഴിച്ചവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്തേക്ക് സർക്കാർ ആശുപത്രിയിലെ വിദഗ്ധ സംഘത്തെ സർക്കാർ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.

വ്യാജമദ്യം കഴിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അന്വേഷണത്തിന് ഉത്തരവിട്ടു. സിബി-സിഐഡി കേസ് അന്വേഷിക്കും. സാധാരണക്കാരായ തൊഴിലാളികളാണ് മരിച്ചവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളവരും. ഗോവിന്ദരാജ് എന്നയാളിൽ നിന്നാണ് ഇവർ മദ്യം വാങ്ങിക്കഴിച്ചതെന്നാണ് കരുതുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദരാജിൽ നിന്ന് 200 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്തു. മദ്യത്തിൽ മെഥനോൾ ചേർത്തിട്ടുണ്ടെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തി. മരിച്ചവരുടെ രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മരിച്ചവരുടെ കാഴ്ചയും കേൾവിയുമാണ് ആദ്യം നഷ്ടപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ശക്തായ വയറുവേദനയും ഛർദ്ദിയും കൂടിയായതോടെ ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വില്ലുപുരത്ത് വ്യാജമദ്യ ദുരന്തത്തിൽ 22 പേർ മരിച്ച സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴാണ് മറ്റൊരു അപകടം. സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ ഭാഷയിലാണ് വിമർശനം ഉന്നയിക്കുന്നത്. സ്റ്റാലിൻ ജനങ്ങളുടെ ജീവന് വില നൽകുന്നില്ലെന്ന് എഐഎഡിഎംകെ നേതാവ് എഡപ്പാടി പളനിസ്വാമി ആരോപിച്ചു.

dot image dot image