Logo
ad image
Rintuja
Rintuja
2 min read|Updated on: 20 Jun 2024, 01:27 pm
dot image

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ കള്ള ടിക്കറ്റ് വഴി കള്ളപണം വെളുപ്പിച്ചെന്ന കേസിൽ നിർമ്മാതാക്കളുടെയും വിതരണക്കാരൻ്റെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിയമോപദേശം ലഭിച്ചു. പറവ വിതരണ കമ്പിനിയുടെ പേരിലുള്ള അകൗണ്ടുകളും മരവിപ്പിക്കും.

ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ ഡി ഒരുങ്ങുകയാണ്. സിനിമകളുടെ നിർമാണ ചെലവ് സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ ലാഭ വിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡിയുടെ കേസിലേക്ക് എത്തിയത്.

കേരളത്തിലെ തിയേറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ഇ ഡിയ്ക്ക് രണ്ട് സിനിമാ നിർമ്മാതാക്കൾ നൽകിയിരുന്നു. ഇതേ തുടർന്ന് കൂടുതൽ പരിശോധന നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ പറവ ഫിലിംസിന്റെ ഉടമസ്ഥരായ ഷോൺ ആന്റണിയെയും സൗബിൻ ഷാഹിറിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.

സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയ മറ്റൊരു നിർമ്മാതാവ് പണം തിരികെ നൽകിയില്ലെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തത് പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തിൽ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സിറാജ് എന്ന നിർമ്മാതാവാണ് ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നൽകിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.

പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്.

22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല. വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

dot image dot image