Logo
ad image
Kerala

ബോംബ് മനപൂര്വ്വം വെച്ചത്, പൊലീസ് എത്തുംമുമ്പ് പറമ്പ് വളഞ്ഞു;സ്ഫോടനങ്ങള് എണ്ണി പറഞ്ഞ് സണ്ണി ജോസഫ്

ഇരിട്ടിയില് ബിജെപി പ്രവര്ത്തകന് പട്ടാളത്തില് ജോലി കിട്ടിയപ്പോള് പറമ്പില് സൂക്ഷിച്ചിരുന്ന ബോംബ് നിര്വീര്യമാക്കാന് ശ്രമിക്കുന്നതിനിടെ പൊട്ടി. ആകെ പരിക്കായി. ജോലി നഷ്ടപ്പെട്ടു

Reporter Network
Reporter Network
2 min read|Updated on: 20 Jun 2024, 09:28 am
dot image

തിരുവനന്തപുരം: കണ്ണൂര് ജില്ലയില് ആള്ത്താമസമില്ലാത്ത വീട്ടുപറമ്പില് തേങ്ങയെടുക്കാനെത്തിയ 85 കാരന് സ്ഫോടനത്തില് കൊല്ലപ്പെട്ട സംഭവം സിപിഐഎം അറിവോടെയെന്ന് സണ്ണി ജോസഫ് എംഎല്എ. വിഷയത്തില് അടിയന്തപര പ്രമേയം അവതരിപ്പിക്കവെയായിരുന്നു പ്രതികരണം. പരേതനായ കോണ്ഗ്രസ് നേതാവ് കണ്ണോളി മോഹന്ദാസിന്റെ വീട്ടുപറമ്പിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പൂട്ടികിടക്കുന്ന മോഹന്ദാസിന്റെ വീട്ടുപറമ്പില് മനപൂര്വ്വം ബോംബ് കൊണ്ടുവെക്കുകയായിരുന്നുവെന്നും സണ്ണി ജോസഫ് ആരോപിച്ചു. കൊല്ലപ്പെട്ട വേലായുധന്റെ മതിയായ നഷ്ടപരിഹാരം നല്കുകയും കണ്ണൂര് ജില്ലയിലെ സമാധാന അന്തരീക്ഷം തകര്ക്കുന്ന ഇത്തരം സംഭവങ്ങള് സഭനിര്ത്തിവെച്ച് ചര്ച്ച ചെയ്യണമെന്നും സണ്ണി എം ജോസഫ് ആവശ്യപ്പെട്ടു. എന്നാല് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

പൊലീസ് എത്തുന്നതിന് മുമ്പ് ബോംബ് കൊണ്ടുവെച്ചവര് സംഭവസ്ഥലം വളഞ്ഞ് ബോംബിന്റെ അവശിഷ്ടങ്ങള് മാറ്റി തെളിവുകള് നശിപ്പിച്ചുവെന്നും സണ്ണി എം ജോസഫ് ആരോപിച്ചു. കണ്ണൂര് ജില്ലയില് ഉണ്ടായ വിവിധ സംഭവങ്ങള് ചുണ്ടികാട്ടിയായിരുന്നു സണ്ണി ജോസഫ് ഇക്കാര്യങ്ങള് ഉന്നയിച്ചത്.

'ചാവശ്ശേരിയിലെ സംഭവം രണ്ട് വര്ഷം മുമ്പ് ഇതേ സഭയില് ഞാന് തന്നെ ഉന്നയിച്ചിരുന്നു. ആക്രിപെറുക്കുന്നതിനിടെ ബോംബ് പൊട്ടി രണ്ട് അസം സ്വദേശികള് കൊല്ലപ്പെട്ടു, തില്ലങ്കേരിയില് ഓമയെന്ന തൊഴിലുറപ്പ് തൊഴിലാളി റോഡിന്റെ കാന വൃത്തിയാമ്പോള് തുമ്പയെടുത്ത് കിളക്കുന്നതിനിടെ എന്തോ വസ്തുവില് തട്ടി പൊട്ടി. ബോംബായിരുന്നു അത്. ജോലിക്ക് പോകാന് കഴിയാത്ത അവരുടെ അവസ്ഥ പിന്നീട് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. അമാവാസിയെന്ന അതിഥി സംസ്ഥാന ബാലന് കളിക്കുന്നതിനിടെ ഒരു പാത്രം കിട്ടി. അമ്മ കാളിയുടെ അടുത്ത് കൊടുത്തു. അമ്മയ്ക്കും അത് തുറക്കാനാവാത്തതിനാല് ബാലന് തന്നെ കുത്തിപൊട്ടിച്ചു. ബോംബ് പൊട്ടി അവന്റെ കണ്ണും കൈയ്യും പോയി. പിന്നീട് നാട്ടുകാര് പിരിവിട്ടാണ് അവന്റെ ചികിത്സ മുന്നോട്ട് പോയത്. ആ കുട്ടിക്കാണ് പിന്നീട് സുഗതകുമാരി ടീച്ചര് പൂര്ണ്ണ ചന്ദ്രന് എന്ന പേരിട്ടത്. പാനൂരില് സ്കൂള് അധ്യാപകന് സ്റ്റാഫ് റൂമില് ബാഗ് കൊണ്ടുവെച്ചു. സിപിഐഎം പ്രവര്ത്തകനായിരുന്ന അധ്യാപകന്റെ ബാഗ് താഴെവീണപ്പോള് അതിലുണ്ടായിരുന്ന ബോംബ് പൊട്ടി. പെരിങ്ങത്തൂര് പാലത്തിനടക്ക് ബോംബ് സൂക്ഷിച്ചിരുന്നു. അത് കൈകാര്യം ചെയ്യുമ്പോള് അതിഥി സംസ്ഥാന തൊഴിലാളിക്ക് പരിക്ക് പറ്റി. ഇരിട്ടിയില് ബിജെപി പ്രവര്ത്തകന് പട്ടാളത്തില് ജോലി കിട്ടിയപ്പോള് പറമ്പില് സൂക്ഷിച്ചിരുന്ന ബോംബ് നിര്വീര്യമാക്കാന് ശ്രമിക്കുന്നതിനിടെ പൊട്ടി. ആകെ പരിക്കായി. ജോലി നഷ്ടപ്പെട്ടു.' ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടികാട്ടിയാണ് സണ്ണി ജോസഫ് ഇക്കാര്യങ്ങള് ചൂണ്ടികാട്ടിയത്.

കുടിയാമലയില് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എം ജോസഫിന്റെ വീട്ടില് നിര്മ്മാണത്തിലിരുന്ന ബോബ് പൊട്ടിയിരുന്നു അന്നത്തെ പാര്ട്ടിയായിരുന്നു പിണറായി വിജയന് അത് തള്ളിയെങ്കിലും പിന്നീട് കുടുംബ സഹായ ഫണ്ട് നല്കി. പി ജയരാജന്റെ മകന് ബോംബ് നിര്മ്മിക്കുമ്പോള് പരിക്ക് പറ്റി. വിഷുവിന് പടക്കം ഉണ്ടാക്കിയപ്പോഴുണ്ടായ പരിക്കെന്നായിരുന്നു വിശദീകരണം. ബോംബ് സ്ഫോടനത്തില് കൊല്ലപ്പെടുന്നവര്ക്ക് സ്മാരകം പണിയുന്ന പാര്ട്ടിയാണ് സിപിഐഎം എന്നും സണ്ണി എം ജോസഫ് കടന്നാക്രമിച്ചു. ഇതൊന്നും കേള്ക്കാന് സിപിഐഎം ബെഞ്ചിന് സഹിഷ്ണുതയുണ്ടായില്ല. സിപിഐഎം സംസ്ഥാന കമ്മിറ്റിയില് വിഷയം ചര്ച്ച ചെയ്യണം.

കക്കട്ടിലും മണിയൂരിലും കൂത്തുപറമ്പിലും വിവിധ പ്രതിപക്ഷ സംഘടനാ നേതാക്കളുടെ വീടിന് നേരെ ബോംബെറിഞ്ഞു. കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സണ്ണി എം ജോസഫ് പറഞ്ഞു. എന്നാല് ചരിത്രം പറയലല്ല അടിയന്തര പ്രമേയമെന്ന് സ്പീക്കര് പ്രതിരോധിച്ചു.

dot image
image
To advertise here,contact us
dot image