Logo
ad image
Kerala

മുന്നില് ഉപതിരഞ്ഞെടുപ്പ്; തൃശ്ശൂരില് മുരളീധരപക്ഷം ഇടഞ്ഞുതന്നെ; തെളിവെടുപ്പ് തുടരുന്നു

ജില്ലയുടെ താല്ക്കാലിക ചുമതലയുള്ള കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷന് വി കെ ശ്രീകണ്ഠന്റെ നിര്ദേശം ലംഘിച്ചായിരുന്നു മുന് എം പി ടി എന് പ്രതാപനെ കടന്നാക്രമിച്ചുള്ള പോസ്റ്റര്.

Reporter Network
Reporter Network
1 min read|Updated on: 20 Jun 2024, 09:27 am
dot image

തൃശ്ശൂര്: തൃശ്ശൂര് കോണ്ഗ്രസില് പ്രശ്നപരിഹാരത്തിനായി കെപിസിസി ഇടപെടല് ശക്തമാക്കുമ്പോഴും മുരളീധപക്ഷം ഇടഞ്ഞു തന്നെ. പ്രശ്നപരിഹാര ശ്രമങ്ങളോട് സഹകരിക്കേണ്ടെന്ന നിലപാടിലാണ് മുരളീധര വിഭാഗം. ചേലക്കര ഉപതിരഞ്ഞെടുപ്പിന് മുന്പ് പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമമെങ്കിലും കഴിഞ്ഞ ദിവസവും ഡിസിസി ഓഫീസിന് മുന്നില് പോസ്റ്റര് പ്രത്യക്ഷപ്പെട്ടതിരുന്നു. ജില്ലയുടെ താല്ക്കാലിക ചുമതലയുള്ള കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷന് വി കെ ശ്രീകണ്ഠന്റെ നിര്ദേശം ലംഘിച്ചായിരുന്നു മുന് എം പി ടി എന് പ്രതാപനെ കടന്നാക്രമിച്ചുള്ള പോസ്റ്റര്.

ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ചെയര്മാന് എന്നിവരുടെ രാജി, പരാജയമന്വേഷിക്കാന് മൂന്നംഗസമിതി, സമാന്തരമായി ഒത്തുതീര്പ്പ് ചര്ച്ചകള് എല്ലാം നടന്നിട്ടും പ്രശ്നം തുടരുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്. തൃശൂരിലേത് വ്യക്തിഗത ഗ്രൂപ്പുകള് ആണ് എന്നുള്ളതാണ് പ്രധാന പ്രതിസന്ധി. ടി എന് പ്രതാപന്, എം പി വിന്സന്റ്, അനില് അക്കര, ജോസ് വള്ളൂര് എന്നിവര്ക്കെതിരെയാണ് പ്രധാന പടയൊരുക്കം. ചേലക്കരയില് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്പ് പ്രശ്നപരിഹാരമുണ്ടായില്ലെങ്കില് സ്ഥിതി സങ്കീര്ണ്ണമാവും.

കഴിഞ്ഞ ദിവസമാണ് യുഡിഎഫ് പരാജയം അന്വേഷിക്കുന്നതിനായി മണ്ഡലത്തില് മൂന്നംഗസമിതി തെളിവെടുപ്പ് ആരംഭിച്ചത്. മുന് ഡിസിസി പ്രസിഡന്റ്, കെപിസിസി ഭാരവാഹികള്, ബ്ലോക്ക് പ്രസിഡന്റുമാര് എന്നിവരില് നിന്നാണ് തെളിവെടുക്കുന്നത്. ശേഷം പ്രവര്ത്തകരിലേക്ക് കടക്കും. മുന് മന്ത്രി കെ സി ജോസഫ്, ടി സിദ്ദിഖ്, ആര് ചന്ദ്രശേഖരന് എന്നിവരാണ് സമിതി അംഗങ്ങള്.

തൃശൂരിലെ പരാജയം ഉള്ക്കൊള്ളാനാവാത്തതാണെന്നാണ് കെ സി ജോസഫ് പ്രതികരിച്ചത്. തൃശൂര് കോണ്ഗ്രസിന്റെ ശക്തി കേന്ദ്രമാണെന്നും വിവാദങ്ങള് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാതിരാത്രി പോസ്റ്റര് ഒട്ടിക്കുന്നത് ഭീരുത്വമാണെന്നും കെ സി ജോസഫ് പറഞ്ഞിരുന്നു.

dot image
image
To advertise here,contact us
dot image