Logo
ad image
International

കിം ജോങ് ഉന്നിന് ലിമോസിൻ സമ്മാനിച്ച് പുടിൻ, ഒപ്പമൊരു വാളും

യുക്രെയ്ൻ യുദ്ധത്തില് റഷ്യക്ക് ഉത്തരകൊറിയ പൂർണ പിന്തുണ അറിയിച്ചു

Reporter Network
Reporter Network
1 min read|Updated on: 20 Jun 2024, 09:28 am
dot image

മോസ്കോ: ഉത്തരകൊറിയൻ സന്ദർശനത്തിനിടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന് അത്യാഢംബര വാഹനം സമ്മാനിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ. റഷ്യൻ നിർമ്മിത ഓറസ് ലിമോസിനാണ് പുടിന്റെ കിമ്മിനുള്ള സമ്മാനം. കൂടാതെ ടീ സെറ്റ്, വാൾ എന്നിവയും കിമ്മിന് പുടിൻ സമ്മാനിച്ചിട്ടുണ്ട്. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരകൊറിയയിലെ പ്യോങ്യാങ് സന്ദർശിച്ച പുടിന് വിവിധ കലാസൃഷ്ടികൾ സമ്മാനമായി ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് പുടിനെ ഉത്തരകൊറിയ സ്വീകരിച്ചത്. യുക്രെയ്ൻ യുദ്ധത്തില് റഷ്യക്ക് ഉത്തരകൊറിയ പൂർണ പിന്തുണ അറിയിച്ചു.

സോവിയറ്റ് കാലത്തെ ഓർമ്മിപ്പിക്കുന്ന റെട്രോ സ്റ്റൈൽ ലിമോസിനാണ് കിമ്മിന് സമ്മാനിച്ച ഓറസ് സെനറ്റ്. പുടിൻ ഉപയോഗിക്കുന്ന വാഹനങ്ങളിലൊന്നാണ് ഈ ഓറസ് സെനറ്റ്. മെയ്യിൽ ക്രെമ്ലിനിൽ പുടിൻ ഒരു ഉദ്ഘാടനത്തിനെത്തിയത് ഈ ഓറസ് സെനറ്റിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യ സന്ദർശിച്ച കിമ്മിന് പുടിൻ ഈ വാഹനം കാണിച്ച് നൽകുന്നതും അദ്ദേഹം ഇത് ആസ്വദിക്കുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പുടിൻ ആദ്യമായി കിമ്മിന് ലിമോസിൻ സമ്മാനിച്ചത്.

കിം വാഹനപ്രേമിയാണെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ. ആഢംബര വിദേശ വാഹനങ്ങളുടെ വലിയ ശേഖരം കിമ്മിനുണ്ടെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നോർത്ത് കൊറിയയിലേക്ക് ആഢംബര വാഹനങ്ങൾ കയറ്റിയയയ്ക്കുന്നതിന് അമേരിക്കയിൽ വിലക്കുള്ള സാഹചര്യത്തിൽ ഈ വാഹനങ്ങൾ കൊറിയയിൽ എത്തിച്ചതെല്ലാം അനധികൃതമായാണ്.മെയ്ബാക്ക് ലിമോസിൻ, മേസിഡസിന്റെ വിവിധ മോഡലുകൾ, റോൾസ് റോയ്സ് ഫാന്റം, ലെക്സസ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നിങ്ങനെ കിമ്മിന്റെ കൈയിൽ വാഹനങ്ങളേറെയാണ്.

ഈ വർഷം സെന്റ് പീറ്റേഴ്സ്ബർഗിലെ പഴയ ടൊയോട്ട ഫാക്ടറിയിൽ റഷ്യ ഓറസ് ആഢംബര കാറുകളുടെ നിർമ്മാണം ആരംഭിച്ചതായി റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം 40 ഓറസ് ബ്രാന്റ് കാറുകൾ റഷ്യയിൽ വിറ്റുപോയെന്നാണ് റഷ്യൻ അനലിറ്റിക്കൽ ഏജൻസി ഓട്ടോസ്റ്റാറ്റ് വ്യക്തമാക്കുന്നത്.

dot image dot image